റെക്കോര്‍ഡ് ഇടിവിൽ രൂപ:ഡോളറിനെതിരെ 83.25 എന്ന നിലയിൽ

0
274

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിന് 83.25 എന്ന നിലയിലായി രൂപയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയ 83.29 രൂപ എന്നതായിരുന്നു ഡോളറിനെതിരെയുള്ള രൂപയുടെ ഏറ്റവും വലിയ ഇടിവ്. ഡോളറിന്‍റെ മികച്ച പ്രകടനവും അമേരിക്കന്‍ ബോണ്ട് വരുമാനം ഉയര്‍ന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ നിക്ഷേപം വിറ്റഴിക്കുമ്പോള്‍ ഡോളറിന്റെ ഡിമാന്‍റ് ഉയരും. ഇതാണ് രൂപയെ പ്രതികൂലമായി ബാധിക്കുന്നത്. രൂപ കനത്ത തിരിച്ചടി നേരിട്ടതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയിലിറക്കി.

യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഒരു തവണ കൂടി പലിശ നിരക്ക് കൂട്ടുമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികള്‍ തിരിച്ചടി നേരിടും. യുഎസ് ബോണ്ടില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ ബോണ്ടുകളിലേക്ക് മാറ്റും. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പോകുന്നത് രൂപയെ വീണ്ടും ദുര്‍ബലമാക്കും. ലോകത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് യുഎസിലെ കടപ്പത്രങ്ങള്‍ പരിഗണിക്കപ്പെടുന്നത്.