കാനഡ വിടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കാനഡയിലേക്കുള്ള കുടിയേറ്റം പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കുന്നില്ലെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ ഉയരുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍റ് ദി കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ നടത്തിയ പഠനം വ്യക്തമാക്കുന്നു. 2017-ലും 2019-ലും കാനഡ വിട്ട കുടിയേറ്റക്കാരുടെ വാർഷിക നിരക്ക് യഥാക്രമം 1.1%, 1.18% എന്നിങ്ങനെയാണ്. 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ പ്രവണത തുടരുമെന്നും 25 വർഷത്തിനുള്ളിൽ ആളുകളുടെ വരവിൽ 20% കുറവുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. 2001-നും 2021-നും ഇടയിൽ പൗരത്വം സ്വീകരിച്ച സ്ഥിരതാമസക്കാരുടെ അനുപാതം 40% കുറഞ്ഞു.
ഉയർന്ന താമസചെലവ്, മോശം ആരോഗ്യ സംവിധാനം, തൊഴിലില്ലായ്മ എന്നിവ കുടിയേറ്റക്കാരുടെ പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. കുടിയേറ്റക്കാർക്കിടയിലെ നിരാശ പുരോഗതിയെ മന്ദഗതിയിലാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന തോതിലുള്ള കുടിയേറ്റത്തിനുള്ള പൊതുജന പിന്തുണ കുറയുന്നതായാണ് എൻവയോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേ പറയുന്നത്. വീടുകളുടെ ഉയർന്ന വിലയും, ലഭ്യതയും സംബന്ധിച്ച ആശങ്കകൾ കാരണമാണ് കുടിയേറ്റ വിരുദ്ധ നിലപാട് ഉടലെടുക്കുന്നത്.