റുപ്പീ ബോണ്ടുമായി റിലയൻസ്:കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണ്ട് വിൽപന

0
225

റുപ്പീ ബോണ്ടുകളുടെ വിൽപ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാൻ മുകേഷ് അംബാനി. 2020 ന് ശേഷം ഇതുവരെ ആഭ്യന്തര ബോണ്ട് വിപണിയിൽ നിന്ന് റിലയൻസ് തുക സമാഹരിച്ചിട്ടില്ല. ബോണ്ട് പുറത്തിറക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണ്ട് വിൽപനയായിരിക്കുമിത്. പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതാണ് റിലയൻസ് ഇൻഡസ്ട്രീസിനെ ധനസമാഹരണത്തിലേക്ക് നയിക്കുന്നത്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, കെകെആർ ആൻഡ് കോ തുടങ്ങിയവരിൽ നിന്ന് റിലയൻസിന്റെ റീട്ടെയിൽ വിഭാഗം നിക്ഷേപം സമാഹരിച്ചിരുന്നു.

പ്രാദേശിക കറൻസി ബോണ്ടുകൾ, ആഭ്യന്തര കറൻസി ബോണ്ടുകൾ എന്നും റുപ്പീ ബോണ്ടുകൾ അറിയപ്പെടുന്നു. ഒരു പ്രത്യേക രാജ്യത്തിന്റെ പ്രാദേശിക കറൻസിയിൽ ആണ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. ഗവൺമെന്റുകളോ കോർപ്പറേഷനുകളോ അല്ലെങ്കിൽ അവരുടെ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റ് സ്ഥാപനങ്ങളോ ആണ് ഈ ബോണ്ടുകൾ സാധാരണയായി ഇഷ്യൂ ചെയ്യുന്നത്.

ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള ഓഹരിയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റേത്. ക്രിസിൽ ട്രിപ്പിൾ എഎഎ റേറ്റിംഗ് നൽകിയിരിക്കുന്ന ഓഹരിക്ക് മൂഡീസും, ഫിച്ചും യഥാക്രമം Baa2, BBB എന്നീ താഴ്ന്ന റേറ്റിംഗുകൾ ആണ് നൽകിയിരിക്കുന്നത്.