ഈ സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ കോടീശ്വരന്മാർ സംഭാവന നൽകിയത് 8445 കോടി രൂപ. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഈ തുക സംഭാവനയായി നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവനയിൽ 59 ശതമാനം വർധനവുമുണ്ടായി. ഈഡൽഗിവ് ഹാറൂൻ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. പട്ടികയിലെ ആദ്യത്തെ പത്തുപേർ ചേർന്ന് 5806 കോടി സംഭാവന ചെയ്തു. എച്ച്സിഎൽ ചെയർമാനായ ശിവ് നാടാരാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്.
2042 കോടി രൂപയാണ് ശിവ് നാടാരും കുടുംബവും സംഭാവന നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വർഷവും ശിവ് നാടാരാണ് പട്ടികയിൽ മുന്നിൽ. ഒരു ദിവസം 5.6 കോടിയാണ് അദ്ദേഹം സംഭാവന നൽകുന്നത്. കല, സംസ്കാരം, വിദ്യാഭ്യാസം മേഖലയിലാണ് ഇവർ കൂടുതൽ സംഭാവന ചെയ്യുന്നത്. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ രണ്ടാമത്. 1774 കോടിയാണ് അസിം പ്രേംജി സംഭാവന നൽകിയത്.
കഴിഞ്ഞ 5 വർഷത്തിനിടെ 100 കോടി സംഭാവന ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് 14 ആയി ഉയർന്നു. 50 കോടി നൽകുന്നവരുടെ എണ്ണം 24 ആയി. മുകേഷ് അംബാനിയും കുടുംബവും 376 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാമതാണ് അംബാനി കുടുംബം. 287 കോടിയാണ് കുമാർ മംഗളം ബിർളയുടെ സംഭാവന. ഗൗതം അദാനിയും കുടുംബവും 285 കോടിയാണ് നൽകിയത്.