ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി മില്‍മ ഉത്പന്നങ്ങള്‍ വില്ക്കാന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ. ഇത് സംബന്ധിച്ച ധാരണാപത്രം കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എയും ഒപ്പിട്ടു. ഡൽഹി പ്രഗതി മൈതാനില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫ് അലി, മില്‍മ ചെയര്മാന് കെ.എസ് മണി എന്നിവർ സന്നിഹിതരായിരുന്നു.
തുടക്കത്തില്‍ മില്‍മയുടെ അഞ്ച് ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുക. നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍ (ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്സ് എന്നിവയാണ് ഈ ഉത്പ്പന്നങ്ങൾ. ലുലുഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് മില്‍മ എം.ഡി ആസിഫ് കെ യൂസഫ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലുലുവിന്റെ മറ്റ് രാജ്യങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാല് അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് വര്‍ധിച്ചു വരുന്ന വിപണി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ലുലുവുമായുള്ള സഹകരണത്തിലൂടെ മിൽമക്ക് സാധിക്കും.