വീഴ്ചകൾ അനവധി:പഞ്ചാബ് നാഷണൽ ബാങ്കിനും ഫെഡറൽ ബാങ്കിനും ഉൾപ്പെടെ ലക്ഷങ്ങൾ പിഴ

0
245

പ്രവര്‍ത്തന ചട്ടങ്ങളില്‍ വീഴ്ച കണ്ടെത്തിയതോടെ ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നിവ ഉൾപ്പെടെ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി റിസർബ് ബാങ്ക്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 72 ലക്ഷം രൂപയും ഫെഡറല്‍ ബാങ്കിന് 30 ലക്ഷം രൂപയും കൊശമറ്റം ഫിനാന്‍സിന് 13.38 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. മെഴ്‌സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് റിസർവ് ബാങ്കിന്റെ നടപടി നേരിട്ട മറ്റൊരു സ്ഥാപനം. 10 ലക്ഷം രൂപയാണ് മെഴ്‌സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസിന് പിഴ ചുമത്തിയത്.

കോര്‍ ബാങ്കിംഗ് സൊല്യൂഷനില്‍ (സി.ബി.എസ്) ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍ സൂക്ഷിക്കുകയും എസ്.എം.എസ് ഈടാക്കുകയും ചെയ്തുവെന്നതാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരായ പ്രധാന കണ്ടെത്തൽ. ചില ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് പാലിക്കുന്നതിലും ബാങ്കിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശനിരക്ക് വ്യക്തമാക്കുന്നതിലും ബാങ്കിന് ശ്രദ്ധക്കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി.

50,000 രൂപയ്ക്കും അതിന് മുകളിലുമുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകളില്‍ പര്‍ച്ചേസറുടെ പേര് ചേര്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്കിന് പിഴ ചുമത്തിയത്. കെ‌.വൈ‌.സി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ഫെഡറൽ ബാങ്ക് ലംഘിച്ചതായും റിസർവ് ബാങ്ക് കണ്ടെത്തി. 2021-22ല്‍ ചില വായ്പാ അക്കൗണ്ടുകളില്‍ 75 ശതമാനമെന്ന ലോണ്‍-ടു-വാല്യു ചട്ടം പാലിക്കാത്തതിനാണ് കൊശമറ്റം ഫിനാന്‍സിനെതിരായ നടപടി.