സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. അസംസ്കൃത വസ്തുക്കൾക്ക് ഉണ്ടായ വിലക്കയറ്റമാണ് കാരണം. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് നിര്‍മ്മാതാക്കള്‍ മാവിനും വില കൂട്ടാന്‍ നിര്‍ബന്ധിതരായത്.
മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിയ്ക്ക് ആറ് മാസത്തിനിടെ പത്ത് രൂപ കൂടി. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന് ഇപ്പോള്‍ 150 രൂപയായി. ഒപ്പം വൈദ്യുതി നിരക്കിലുണ്ടായ വര്‍ധനയും വില വർധിപ്പിക്കാൻ കാരണമായി. എല്ലാ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ദോശമാവിനും കൂടി വില കൂടുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.