അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാൻ അദാനി ഗ്രൂപ്പ്. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ഭക്ഷ്യ എണ്ണകളും ഭക്ഷ്യ ഉത്പന്നങ്ങളും വിൽക്കുന്ന കമ്പനിയായ അദാനി വിൽമറിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് 43.97% ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് മുഴുവൻ വിറ്റൊഴിയാൻ ആഗോള കൺസ്യൂമർ ഗുഡ്സ് കമ്പനികളുമായി ചർച്ചകൾ തുടങ്ങിയതായാണ് വിവരം. അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ മറ്റ് പദ്ധതികൾക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഓഹരി വിൽപ്പനയിലൂടെ 250-300 കോടി ഡോളറാണ് (20,800-24,960 കോടി രൂപ) പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഭക്ഷ്യ എണ്ണ ഉത്പാദകരായ അദാനി വിൽമർ ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഇന്റർനാഷണലുമായി ചേർന്ന് 1999 ജനുവരിയിലാണ് അദാനി വിൽമർ സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. 43.87 ശതമാനമാണ് കമ്പനിയിൽ വിൽമറിന്റെ ഓഹരി പങ്കാളിത്തം. അദാനി വിൽമറിന് ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകളുണ്ട്. നടപ്പ് സാമ്പത്തിക വർഷം സെപ്റ്റംബർ പാദത്തിൽ കമ്പനി 131 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വാർഷിക വരുമാനം 13.3% ഇടിഞ്ഞ് 12,267.15 രൂപയായി.