പ്രീമിയം ഡാർക്ക് ചോക്ലേറ്റും ബട്ടർ ബിസ്ക്കറ്റും ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ആദ്യമായി വിപണിയിലെത്തിച്ച് മിൽമ. മൂല്യവർധിത ഉത്പന്നങ്ങൾക്കൊപ്പം വിപണി പിടിക്കുകയാണ് ലക്ഷ്യം. അമുലിന് ശേഷം ഡാർക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മിൽമ.
പ്രീമിയം ഡാർക്ക് ചോക്ലേറ്റിന്റെ മൂന്ന് വകഭേദങ്ങളും, മിൽക്ക് ചോക്ലേറ്റിന്റെ ഒരു വകഭേദവും, മിൽമ ചോക്കോഫുൾ, ഒസ്മാനിയ ബട്ടർ ബിസ്‌ക്കറ്റ്, ബട്ടർ ഡ്രോപ്‌സ് എന്നിവയുടെ രണ്ട് വകഭേദങ്ങളുമാണ് മിൽമ പുറത്തിറക്കിയത്. ‘ഡെലിസ’ എന്നാണ് ചോക്ലേറ്റുകൾക്ക് പേരിട്ടിരിക്കുന്നത്. 70 ഗ്രാമും 35 ഗ്രാമും ഭാരമുള്ള പാക്കറ്റുകളിലായിരിക്കും ഇവ ലഭ്യമാകുക. മറ്റ് ബ്രാൻഡഡ് ചോക്ലേറ്റുകളുടെ 70 ഗ്രാം പാക്കറ്റിന് ഏകദേശം 120 രൂപ മുതൽ 130 രൂപ വരെ വില വരുമ്പോൾ, അതേ അളവിലുള്ള മിൽമ ചോക്ലേറ്റിന് 100 രൂപയിൽ താഴെയാണ് വില.
ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി) ചെയർമാൻ മീനേഷ് സി ഷാ പുതിയ ബ്രാൻഡ് ചോക്ലേറ്റുകളുടെ ആദ്യ സെറ്റ് സംസ്ഥാന ക്ഷീര വികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയിൽ നിന്ന് ഏറ്റുവാങ്ങി. പോഷകസമ്പന്നവും പുതിയ തലമുറയുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടുമുള്ള ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിലാണ് മിൽമ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.