‘എന്റെ ഷോ’: സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി സർക്കാരിന്റെ ആപ്പും വെബ്സൈറ്റും

0
167

സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ‘എന്റെഷോ’ എന്ന പേരിൽ മൊബൈൽ ആപ്പും വെബ്‌സൈറ്റും പുറത്തിറക്കാൻ കേരള സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) കീഴിലുള്ള 16 തിയറ്ററുകളിൽ സിനിമാ ടിക്കറ്റുകൾ ആപ്പ് വഴി ഉടൻ ലഭ്യമാകും. ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ആപ്പ് വഴി ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ടിക്കറ്റിന് 1.5 രൂപ അധിക ഫീസ് നൽകിയാൽ മതിയാകും.

എത്ര ടിക്കറ്റുകൾ വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് സർക്കാർ, സിനിമാ നിർമ്മാതാക്കൾ, തിയേറ്റർ ഉടമകൾ എന്നിവർക്ക് ലഭ്യമാകും എന്നതാണ് ആപ്പിന്റെ പ്രധാന നേട്ടം. സിനിമകളെ അന്യായമായി പ്രമോട്ട് ചെയ്യുന്നതിനായി ചില ബുക്കിംഗ് ആപ്പുകൾ പണം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് ഒരു ബദൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

ഒരു ടിക്കറ്റിന് 25 രൂപ വരെ അധികം ഈടാക്കി ഇവർ വൻലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും ഇതിലേക്ക് നയിച്ചു. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള മറ്റൊരു പ്രധാനഘടകം. സിനിമാ ടിക്കറ്റിങ് ആപ്പുകൾക്കും സ്വന്തമായി ആപ്പും വെബ്സൈറ്റുമുള്ള തിയേറ്ററുകൾക്കും ‘എന്റെ ഷോ’യിലൂടെയായിരിക്കും ഇനി ടിക്കറ്റ് വിതരണം ചെയ്യാൻ സാധിക്കുക.