സിൽവര്‍ ലൈൻ ചര്‍ച്ചകൾ വീണ്ടും സജീവമാക്കി റെയിൽവേ ബോര്‍ഡ്. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തത്കാലം വേണ്ടെന്നുവച്ച പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദങ്ങളെ തുടർന്ന് റെയിൽവേ ബോർഡ് വീണ്ടും സജീവമാക്കുന്നത്. കെ-റെയിൽ കമ്പനിയുമായി ചർച്ച ചെയ്തശേഷം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ അറിയിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് റെയിൽ വേ ബോർഡ് നിർദേശിച്ചു. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന ബോര്‍ഡിന്‍റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിനും പ്രതീക്ഷ നൽകുന്നതാണ്.
റെയിൽ വേയുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) ‘സിൽവർലൈൻ’ എന്ന അതിവേഗ റെയിൽ പദ്ധതി നടപ്പാക്കേണ്ടത്. 9 ജില്ലകളിലായി 108 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതിയുടെ പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
സ്ഥലമേറ്റെടുക്കലിനോട് അനുബന്ധിച്ച നടപടികൾക്കിടെ ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരങ്ങളും ശക്തമായതോടെ മരവിപ്പിച്ച പദ്ധതി താത്കാലികമായാണ് നിർത്തിവയ്ക്കുന്നതെന്നും ഉചിതമായ സമയത്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.