രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്:വരാനിരിക്കുന്നത് 37 ലക്ഷം തൊഴിലവസരങ്ങൾ

0
174

2024-25 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ ഹരിത വ്യവസായ മേഖലയിൽ 37 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ടീം ലിസ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട്ലുക്ക് റിപ്പോർട്ട്. 18 ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ ഈ മേഖലയിൽ ഉള്ളത്. പുനരുപയോഗ ഊർജം, പാരിസ്ഥിതിക ആരോഗ്യ സുരക്ഷ, സൗരോർജ്ജം, സുസ്ഥിരത എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങൾ വർധിക്കുക.


ഹരിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കമ്പനികളുടെയെല്ലാം നയം. ലാർസൻ ആൻഡ് ടൂബ്രോയുടെ ഏകദേശം 37 ശതമാനം വരുമാനം ലഭിക്കുന്നത് ഹരിത ബിസിനസുകളിൽ നിന്നാണ്. 2025-26 സാമ്പത്തിക വർഷത്തോടെ ഹരിത ബിസിനസുകളിൽ നിന്നുള്ള വരുമാന വിഹിതം 40 ശതമാനം ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. എം.ജി മോട്ടോർ ഇന്ത്യയുടെ 20 ശതമാനം തൊഴിലാളികളെയും ഹരിത ബിസിനസുകളിലെ ജോലികളിലാണ് നിയമിക്കുന്നത്. 2030 ഓടെ ഇത് പല മടങ്ങ് വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സോളാർ പ്രോജക്ട് മാനേജർമാർ, സോളാർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ടെക്നീഷ്യൻമാർ, വിൻഡ് എനർജി എഞ്ചിനീയർമാർ, ബയോവൽ പ്രോസസ് എഞ്ചിനീയർമാർ, കാർബൺ അനലിസ്റ്റുകൾ, സുസ്ഥിരത കൺസൾട്ടന്റുകൾ, ഇ വേസ്റ്റ് മാനേജർമാർ, ഹൈഡ്രജൻ പ്രോജക്ട് മാനേജർമാർ തുടങ്ങിയ ജോലികൾക്ക് ഡിമാൻഡ് കൂടും. ഇ-മാലിന്യങ്ങൾ ഉൾപ്പെടുന്ന മാലിന്യ സംസ്കരണ മേഖലയിലെ തൊഴിലവസരങ്ങളിൽ 20 ശതമാനം വർധനയുണ്ടാകും. മലിനജല മാനേജ്മെന്റ് മേഖലയിൽ 16 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.