50 കോടി വരെയുള്ള സംരംഭങ്ങൾക്ക് താൽക്കാലിക കെട്ടിട നമ്പർ:ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം

0
189

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിന് ചട്ടം ഭേദഗതി ചെയ്ത് സർക്കാർ. കെട്ടിട നമ്പർ ആവശ്യപ്പെട്ട് വ്യവസായി നടത്തിയ പ്രതിഷേധം വിവാദമായതിനെ തുടർന്നാണ് നടപടി. 2020ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റിന് അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിലെ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി കണക്കാക്കുമെന്നാണ് ഭേദഗതി. മൂന്ന് വർഷത്തിനുള്ളിൽ സ്ഥിര നമ്പർ ലഭിച്ചാൽ മതി. ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

നിലവിൽ കെ സ്വിഫ്റ്റ് അംഗീകാരമുള്ള സംരംഭങ്ങൾക്ക് മറ്റ് അനുമതികളില്ലാതെ മൂന്ന് വർഷം വരെ പ്രവർത്തിക്കാമെന്ന വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞ് ആറ് മാസത്തിനകം അനുമതി ലഭിച്ചാൽ മതിയാകും. എന്നാൽ വായ്പകൾക്കും മറ്റും കെട്ടിട നമ്പർ ആവശ്യമായതിനാൽ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണ് ഭേദഗതി.
കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്കരിക്കാൻ നിയോഗിച്ച ഡോ.കെ.സി.സണ്ണി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വകുപ്പും നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് ഭേദഗതി. 50 ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ച് ഏഴ് ദിവസത്തിനകം ലൈസൻസ് ലഭിക്കും.