കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുളള നിക്ഷേപ പിന്തുണ കാര്യക്ഷമമാക്കുന്നതിനും പുതിയ പോർട്ടൽ. തിരുവനന്തപുരത്ത് നടന്ന കേരളീയം വേദിയിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് ആണ് ‘ഇൻവെസ്റ്റ് കേരള പോർട്ടൽ’ ഉദ്ഘാടനം ചെയ്തത്.
ഇൻവെസ്റ്റ് കേരള പോർട്ടലിൽ കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നതിനാൽ വിദേശ രാജ്യങ്ങളിലുള്ളവർക്കും കേരളത്തിലെ വിവിധ പദ്ധതികളിൽ നിക്ഷേപം നടത്താൻ സാധിക്കും. ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള കേരള റെസ്പോൺസിബിൾ ഇൻഡസ്ട്രി ഇൻസെന്റീവ് സ്കീം പോർട്ടലും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ലഭ്യമായ മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്ന വ്യവസായങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നും ഈ ഡിജിറ്റൽ സൗകര്യങ്ങൾ ഒരുമിച്ച് നിക്ഷേപം വർധിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
2023-ലെ കേരള വ്യാവസായിക നയത്തിൽ വിഭാവനം ചെയ്ത ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേരള റെസ്പോൺസിബിൾ ഇൻഡസ്ട്രി ഇൻസെന്റീവ് സ്കീം പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായകമാകുന്ന എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് പുതിയ പോർട്ടലുകൾ. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംരംഭകർക്ക് സഹായം ലഭിക്കുന്നതിനും സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും.