ഉത്സവകാലം പരിഗണിച്ച് നികുതി വിഹിതം നേരത്തെ വിതരണം ചെയ്ത് കേന്ദ്രം: കേരളത്തിന് ആശ്വാസം

0
130

നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള ഈ മാസത്തെ വിഹിതം നേരത്തേ വിതരണം ചെയ്ത് കേന്ദ്രസർക്കാർ. നവംബർ പത്തിന് കൈമാറാൻ തീരുമാനിച്ചിരുന്ന വിഹിതം ഉത്സവകാലം ആരംഭിക്കുന്നത് പരിഗണിച്ച് നവംബർ ഏഴിന് കൈമാറിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിലവിൽ, ഒരു സാമ്പത്തിക വർഷം കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ 41 ശതമാനം 14 ഗഡുക്കളായാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത്.

എല്ലാ സംസ്ഥാനങ്ങൾക്കുമായി 72,961 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഉത്സവ സീസണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നടപടികൾക്കായി ഈ തുക വിനിയോഗിക്കാൻ കഴിയുമെന്ന് ധനമന്ത്രാലയം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് താത്കാലിക ആശ്വാസമേകുന്നതാണ് ഈ നടപടി. 1,404.50 കോടി രൂപയാണ് ഈയിനത്തിൽ കേരളത്തിന് ലഭിക്കുന്നത്.

ഉത്തർപ്രദേശിനാണ് ഇക്കുറി ഏറ്റവുമധികം നികുതി വിഹിതം ലഭിക്കുന്നത്. 13,088,51 കോടി രൂപ. ബിഹാറിന് 7,388.44 കോടി രൂപയും മധ്യപ്രദേശിന് 5,727.41 കോടി രൂപയും ബംഗാളിന് 5,488,88 കോടി രൂപയുമാണ് വിഹിതം. ഗോവ (281.63 കോടി രൂപ), സിക്കിം (283,10 കോടി രൂപ), മിസോറം (364.80 കോടി രൂപ) എന്നിവയാണ് ഏറ്റവും കുറഞ്ഞ നികുതി വരുമാന വിഹിതമുള്ള സംസ്ഥാനങ്ങൾ.