സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്-ടെക് കമ്പനിയായ ബൈജൂസിന് തിരിച്ചടിയായി കോടതി വിധി. 120 കോടി ഡോളറിന്റെ കടം വിട്ടാത്തതിനെ തുടർന്ന് ബൈജൂസിനെതിരെ നൽകിയ പരാതിയിൽ വായ്പാദാതാക്കൾക്ക് അനുകൂലമായ നിലപാടാണ് ഡെലവെയർ കോടതി ജഡ്ജി സ്വീകരിച്ചത്. വായ്പയിൽ വീഴ്ച വരുത്തിയ ബൈജൂസിന്റെ അമേരിക്കൻ കമ്പനിയായ ബൈജൂസ് ആൽഫയുടെ നിയന്ത്രണം ഏറ്റെടുക്കാൻ വായാപാദാതാക്കൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ബൈജൂസ് ആൽഫയുടെ ഡയറക്ടർ ബോർഡിൽ നിന്ന് ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്റെ ബന്ധുവിനെ മാറ്റി വായ്പ ദാതാക്കൾ അവരുടെ പ്രതിനിധിയായ തിമോത്തി ഫോലിനെ നിയമിച്ചു.
ഓൺലൈൻ പഠന രംഗത്തെ കുതിച്ചുചാട്ടം കുറഞ്ഞതാണ് ബൈജൂസിന് തിരിച്ചടിയായത്. വായ്പാദാതാക്കൾ പണം ആവശ്യപ്പെട്ട് നിരന്തരം സമീപിച്ചെങ്കിലും തിരിച്ചടയ്ക്കാൻ ബൈജൂസിന് സാധിച്ചില്ല. ഇതേ തുടർന്ന് ചില നിക്ഷേപകർ കമ്പനിയുടെ മൂല്യം കുറയ്ക്കുകയും ചെയ്തിരുന്നു. ഉപസ്ഥാപനങ്ങൾ വിറ്റ് ആറ് മാസത്തിനകം കടം പൂർണമായി വീട്ടാമെന്ന് സെപ്റ്റംബറിൽ ബൈജൂസ് വാഗ്ദാനം ചെയ്തിരുന്നു.