ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി എറണാകുളം പുതുവൈപ്പിൽ പെട്രോനെറ്റ് എൽ.എൻ.ജി(ദ്രവീകൃത പ്രകൃതി വാതകം) സ്ഥാപിച്ച കൊച്ചി ടെർമിനൽ. ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏക എൽ.എൻ.ജി ടെർമിനലാണ് പെട്രോനെറ്റ്. പെട്രോനെറ്റിന്റെ കൊച്ചി, ഗുജറാത്തിലെ ദഹേജ് ടെർമിനലുകൾക്ക് മാത്രമാണ് ഈ റേറ്റിംഗുള്ളത്. ഉത്പന്ന നിലവാരം, ജീവനക്കാരുടെ സുരക്ഷ, നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുള്ള പ്രവർത്തനം, തുടങ്ങിയവ പരിശോധിച്ച് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നൽകുന്ന റേറ്റിംഗാണിത്.
2013 ഓഗസ്റ്റിലാണ് പെട്രോനെറ്റിന്റെ കൊച്ചി ടെർമിനൽ കമ്മിഷൻ ചെയ്തത്. മൊത്തം 5 മില്യൺ മെട്രിക് ടൺ വാർഷിക ശേഷിയുള്ള രണ്ട് സ്റ്റോറേജ് ടാങ്കുകളുളള കൊച്ചി ടെർമിനലിന്റെ നിർമ്മാണച്ചെലവ് 4,700 കോടി രൂപയായിരുന്നു. എന്നാൽ മൊത്തം ശേഷിയുടെ 20 ശതമാനമേ ഇപ്പോൾ കൊച്ചി ടെർമിനൽ ഉപയോഗിക്കുന്നുള്ളൂ.
കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഗെയിലിന്റെ വാതക പൈപ് ലൈൻ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ദേശീയ ഗ്യാസ് ഗ്രിഡിലേക്ക് കൊച്ചിയും ചേർക്കപ്പെടും. ഇതോടെ കൊച്ചിയിൽ നിന്നുള്ള എൽ.എൻ.ജി ഇന്ത്യയിലെവിടെയും എത്തിക്കാൻ സാധിക്കും. ഇത് കൊച്ചി ടെർമിനലിന്റെ മൊത്തം ശേഷിയുടെ ഉപയോഗം 50 ശതമാനത്തിന് മുകളിലേക്ക് ഉയർത്താൻ സഹായിക്കുമെന്നാണ് പെട്രോനെറ്റിന്റെ വിലയിരുത്തൽ.