രാജ്യത്തെ വ്യാവസായിക ഉത്പ്പാദന വളർച്ച സെപ്റ്റംബറിൽ കുത്തനെ ഇടിഞ്ഞതായി വ്യാവസായിക ഉത്പ്പാദന സൂചിക (ഐ.ഐ.പി). മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 10.8 ശതമാനത്തിൽ എത്തിയിരുന്നു.
ഓഗസ്റ്റിൽ 9.3 ശതമാനമായിരുന്ന ഉത്പ്പാദന മേഖലയുടെ വാർഷിക വളർച്ചാ നിരക്ക് സെപ്റ്റംബറിൽ 4.5 ശതമാനമായി കുറഞ്ഞു. വൈദ്യുതി മേഖലയുടെ വളർച്ച 15.3 ശതമാനത്തിൽ നിന്ന് 9.9 ശതമാനമായും ഖനന മേഖലയുടെ വളർച്ച ഓഗസ്റ്റിലെ 12.3 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 11.5 ശതമാനമായും ഇടിഞ്ഞു. ഫാക്ടറി ഉത്പ്പാദനം സെപ്റ്റംബറിൽ 2.4 ശതമാനം കുറഞ്ഞെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഭക്ഷ്യ ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, നോൺ- മെറ്റാലിക് മിനറൽ ഉത്പന്നങ്ങൾ, രാസ ഉത്പന്നങ്ങൾ, ലോഹങ്ങൾ എന്നിവയിലുണ്ടായ തുടർച്ചയായ കുറവാണ് ഉത്പ്പാദന പ്രവർത്തനത്തിലെ കുത്തനെയുള്ള ഇടിവിന് കാരണം. ഈ ആറ് ഇനങ്ങളാണ് വ്യാവസായിക ഉത്പ്പാദന സൂചികയുടെ 60 ശതമാനവും ഉൾക്കൊള്ളുന്നത്.
ഈ സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന 23 ഇനങ്ങളിൽ ഒമ്പത് എണ്ണത്തിന്റെയും ഉത്പാദനം സെപ്റ്റംബറിൽ കുറഞ്ഞു. അതേസമയം ഉപഭോക്തൃ ഉത്പന്നങ്ങളുടെ സൂചിക സെപ്റ്റംബറിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.