കേരളത്തിലെ ആദ്യ ഇ-ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്പ്:മിനിറ്റുകൾക്കുള്ളിൽ രോഗനിർണ്ണയം

0
140

വളരെ കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിർണയം നടത്തുന്ന ആദ്യ ഡിജിറ്റൽ ഹെൽത്ത് കിയോസ്ക് സംവിധാനം അവതരിപ്പിച്ച് വെർസിക്കിൾ ടെക്നോളജീസ് എന്ന മലയാളി സ്റ്റാർട്ടപ്പ്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിലെ ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് നല്കുന്ന വിവരങ്ങൾ കിയോസ്കിലെ സംവിധാനം നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യും.


രക്തസമ്മർദം, ഹൃദയാരോഗ്യം (ഇ.സി.ജി. റീഡർ), ശരീരഭാരം തുടങ്ങിയവ ഈ സംവിധാനത്തിലൂടെ അറിയാം. വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന യന്ത്രമാണിത്. മിനിറ്റുകൾക്കുള്ളിൽ രോഗനിർണ്ണയം നടത്തുന്നതിന് പുറമെ പ്രാഥമിക പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ ഉടൻ തന്നെ രോഗിക്ക് മുന്നറിയിപ്പ് നൽകും.

ടെലി ഹെൽത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും പ്രോഗ്നോസിസിലൂടെ ലഭിക്കുമെന്നും കമ്പനി പറയുന്നു. വെർസിക്കിൾ ടെക്നോളജീസ് സി.ഇ.ഒ മനോജ് ദത്തൻ, സ്ഥാപകൻ കിരൺ കരുണാകരൻ, കമ്പനിയുടെ ഡയറക്ടർ അനീഷ് സുഹൈൽ എന്നിവരാണ് ഈ സംരംഭം നയിക്കുന്നത്.