ബാങ്കുകളെ കൈവിട്ടു:ഉത്പന്ന വായ്പകൾക്കായി ഉപയോക്താക്കൾ ഫിൻടെക് കമ്പനികളിലേക്ക്

0
342

വാണിജ്യ ബാങ്കുകളിൽ നിന്നുള്ള ഉപഭോക്തൃ വായ്പകളിൽ ഈ വർഷം വൻ ഇടിവ്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഉപയോക്തൃ വായ്പകൾ 2020 ഓഗസ്റ്റിൽ 9,053 കോടി രൂപയായിരുന്നു. പിന്നീട് അത് കുതിച്ചുയർന്ന് 2022 ഓഗസ്റ്റിൽ 32,919 കോടി രൂപയായി. ബാങ്കുകളിൽ സർപ്ലസ് ഉണ്ടായിരുന്നതിനാൽ വായ്പ ലഭ്യത എളുപ്പമായി. എന്നാൽ 2023 ഓഗസ്റ്റിൽ ബാങ്കുകളിൽ നിന്നുള്ള വായ്പകൾ 21,221 കോടി രൂപയായി കുറഞ്ഞു.

അതേസമയം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മറ്റ് വ്യക്തിഗത വായ്പകളെല്ലാം മികച്ച വളർച്ച രേഖപ്പെടുത്തി. ഉപയോക്തൃ വായ്പകൾ 42.5 ശതമാനം ഇടിഞ്ഞപ്പോൾ ഭവന വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ, മറ്റ് വ്യക്തിഗത വായ്പ എന്നിവ യഥാക്രമം 30.1 ശതമാനവും, 16.6 ശതമാനവും, 15.9 ശതമാനവും വളർച്ചയാണ് നേടിയത്. എൻ.ബി.എഫ്.സികൾ, ഫിൻടെക് കമ്പനികൾ എന്നിവയെ ഉപയോക്താക്കൾ കൂടുതലായി ആശ്രയിച്ചതാണ് ഇതിന് കാരണം. ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട് പ്രകാരം എൻ.ബി.എഫ്സികൾ, പ്രൈവറ്റ് ബാങ്കുകൾ, ഫിൻടെക് കമ്പനികൾ എന്നിവ ചേർന്നാണ് ഉപയോക്തൃ വായ്പകളുടെ മുഖ്യ പങ്കും കൈകാര്യം ചെയ്യുന്നത്. ഇത് യഥാക്രമം 31 ശതമാനം, 20 ശതമാനം, 15 ശതമാനം എന്നിങ്ങനെയാണ്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ വിഹിതം ഒരു ശതമാനം മാത്രമാണ്.

ഉപയോക്തൃ വായ്പകളിൽ ഇടിവുണ്ടായെങ്കിലും ഉത്പന്ന ഡിമാൻഡ് വർധിക്കുന്നുണ്ട്. ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഉപയോക്തൃ ഉത്പന്നങ്ങളുടെ വിൽപനമൂല്യം 2023ന്റെ ആദ്യ പകുതിയിൽ 8 ശതമാനത്തിലധികം ഉയർന്നു.