111 വർഷങ്ങൾക്ക് മുമ്പ് വടക്കൻ അറ്റ്ലാന്റിക്കിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിലെ ഡിന്നർ മെനു വിറ്റുപോയത് 84.5 ലക്ഷം രൂപയ്ക്ക്. ഇംഗ്ലണ്ടിൽ ലേലത്തിന് വെച്ച ടൈറ്റാനിക്കിലെ ഫസ്റ്റ്ക്ലാസ് യാത്രക്കാർക്കുള്ള അവസാന ദിന മെനുവിന് ആവശ്യക്കാർ ഏറെയായിരുന്നു. ടൈറ്റാനിക്കിലെ അവസാന അത്താഴം എന്നാണ് ബ്രിട്ടീഷ് ലേല സ്ഥാപനമായ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലിമിറ്റഡ് ഇതിനെ വിശേഷിപ്പിച്ചത്.
1912 ഏപ്രിൽ 14-ന് രാത്രിയാണ് കപ്പൽ അതിന്റെ കന്നി യാത്രയിൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിത്താഴ്ന്നത്. അപകടത്തിന് മൂന്നുദിവസം മുമ്പ് RMS ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി ഒരുക്കിയ അത്താഴത്തിലെ വിഭവങ്ങളാണ് മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സാൽമൺ, ബീഫ്, സ്ക്വാബ്, താറാവ്, ചിക്കൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രശസ്തമായ വിക്ടോറിയ പുഡ്ഡിംഗും മെനുവിൽ ഉണ്ടായിരുന്നു.
ടൈറ്റാനിക്കിൽ നിന്നും ലഭിച്ച നിരവധി വസ്തുക്കൾ ഇതിനകം ലേലം ചെയ്തിട്ടുണ്ട്. കപ്പലിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളും അതിജീവിച്ചവരുടെ സ്വകാര്യ സ്വത്തുക്കളും വരെ ലേലത്തിൽ ഉൾപ്പെടാറുണ്ട്.