സഞ്ചാരികളെ ഇതിലെ:കേരളത്തിൽ ഹെലി ടൂറിസം ഉടൻ

0
167

കേരളത്തിൽ ഹെലി ടൂറിസം ഒരുങ്ങുന്നു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന നിക്ഷേപക സംഗമത്തിൽ ഹെലി ടൂറിസത്തിലേക്കുളള നിക്ഷേപകരെ ക്ഷണിക്കും. ഈ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തിയ കൊച്ചിയിലാണ് ഹെലി ടൂറിസം ആദ്യം നടപ്പിലാക്കുന്നത്. കൊച്ചിയിൽ നിന്ന് 100-150 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രയൊരുക്കുക. പിന്നീട് കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും ഇതേ കിലോമീറ്റർ പരിധിയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹെലി ടൂറിസം നടപ്പിലാക്കും. കേരളത്തിൽ കോവളത്ത് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയ കാലത്തേക്ക് ഹെലി ടൂറിസം പരീക്ഷിച്ചിരുന്നു.

വാടകയ്ക്കോ പാട്ടത്തിനോ എടുക്കുന്ന നാലോ അഞ്ചോ പേർക്ക് യാത്ര ചെയ്യാനാകുന്ന ഹെലികോപ്റ്ററുകളായിരിക്കും ഹെലി ടൂറിസത്തിൽ ഉപയോഗിക്കുക. നിലവിൽ ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ഹെലി ടൂറിസമുള്ളത്. കേരളത്തിൽ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കും തീരദേശത്തേക്കും സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.