മാലിദ്വീപും ലക്ഷദ്വീപും വേണ്ട:ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമെത്തുന്നു

0
245

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് രംഗത്തേക്ക് കേരളവും. വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാർക്കിലായിരിക്കും തുറക്കുക. മുൻകൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവർക്കും ഇവിടെയെത്തി വിവാഹം നടത്താം.

ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള കേന്ദ്രത്തിൽ അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളുൾപ്പെടുത്തിയുള്ള റെസ്റ്റോറന്റ് എന്നിവയൊരുക്കും. ഇതോടൊപ്പം കേരളത്തിന്റെ തനതായ വിഭവങ്ങളുൾപ്പെടുന്ന മെനുവും ലഭ്യമാക്കും. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രമായിരിക്കും ഇത്.

ഈ മാസം നിർമാണം ആരംഭിച്ച് ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്ന രീതിയിലാണ് ശംഖുമുഖത്തെ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ നൈറ്റ് ലൈഫ് കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.