‘സാം ആള്‍ട്ട്മാൻ പുറത്ത്’:വിശ്വാസം നഷ്ടപ്പെട്ടെന്ന് ഓപ്പണ്‍എഐ ബോർഡ്

0
239

സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് കമ്പനി. ചാറ്റ്ജിപിടിയുടെ പേരന്റ് സ്രഷ്ടാവായ ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി ബോര്‍ഡ് തീരുമാനം. ഓപ്പണ്‍എഐയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മിറ മൊറാട്ടിയെ ഇടക്കാല സിഇഒയായി കമ്പനി നിയമിച്ചു.

ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവിൽ കമ്പനി ബോര്‍ഡിനുളള വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കാനുള്ള തീരുമാനമെന്നും കമ്പനി അറിയിച്ചു. ഓപ്പൺഎഐയുടെ സ്ഥാപനത്തിനും വളർച്ചയ്ക്കും സാം നൽകിയ സംഭാവനകൾക്ക് ബോർഡ് നന്ദിയുള്ളവരാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. അവതരിപ്പിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് വന്‍ തരംഗമായി മാറിയ ചാറ്റ്ജിപിടി പക്ഷെ, മാസങ്ങള്‍ക്ക് ശേഷം തകര്‍ച്ച നേരിടേണ്ടി വന്നു. ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം വൻകുറവുണ്ടായി.