കുടിശിക 1,000 കോടി:അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനം മുടങ്ങുമെന്ന് സപ്ലൈകോ

0
196

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പൊതുവിതരണ സ്ഥാപനമായ സപ്ലൈകോ. സർക്കാരിൽ നിന്ന് അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള സപ്ലൈകോയുടെ കുടിശിക 750 കോടിയാണ്. ഓണക്കാലത്തെ 350 കോടിയുടെ ബില്ലും കൂടി ചേർന്നപ്പോൾ സർക്കാരിൽ നിന്ന് കിട്ടാനുള്ള കുടിശിക 1,000 കോടി കവിഞ്ഞു. ഉടനടി 250 കോടി രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ പ്രവർത്തനം മുടങ്ങുമെന്ന് സപ്ലൈകോ ധനവകുപ്പിനെ അറിയിച്ചു


കമ്പനികൾക്കും ഏജൻസികൾക്കും നൽകാനുള്ള തുക മുടങ്ങിയതോടെ സപ്ലൈകോയുടെ ഷോപ്പുകളിൽ അവശ്യ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. സബ്സിഡി ഇനത്തിൽ തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ഉഴുന്ന് എന്നിവ മാത്രമാണ് സപ്ലൈകോയുടെ മിക്ക ഷോപ്പുകളിലുമുള്ളത്.


നിലവിൽ സ്ബസിഡി നൽകുന്ന 13 ഇനം ഭക്ഷ്യധാന്യങ്ങളുടെ വില ഉയർത്തി തത്കാലം പിടിച്ചു നിൽക്കാമെന്ന പ്രതീക്ഷയിലായിരുന്നു സപ്ലൈകോ. എന്നാൽ ജനരോഷം ഉയർന്നതു മൂലം തൽകാലത്തേക്ക് ആ നീക്കം ഉപേക്ഷിച്ചു. നവകേരള യാത്ര കഴിയുന്നത് വരെ വില വർധന വേണ്ടെന്നാണ് നിലവിലെ തീരുമാനം. സബ്സിഡി സാധനങ്ങൾ പലതുമില്ലാതായതോടെ ആളുകൾ സാധനങ്ങൾ വാങ്ങിക്കാൻ സപ്ലൈകോയിലേക്ക് എത്താതായത് കരാർ ജീവനക്കാർക്കും ഭീഷണിയാണ്. സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിലൂടെ പ്രതിദിനം 9-10 കോടി വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ 3 കോടി രൂപയിൽ താഴെയാണ്.