ഹ്യുണ്ടായിയുടെ പുത്തൻ കാറുകൾ ഇനി ആമസോണിൽ ബുക്ക് ചെയ്ത് വാങ്ങാം. അടുത്ത വർഷം മുതൽ യു.എസിൽ ആമസോൺ വഴി ഹ്യുണ്ടായ് കാറുകൾ വിൽക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഉപഭോക്താക്കൾക്ക് ആമസോണിൽ കാർ വാങ്ങാനും പ്രാദേശിക ഹ്യുണ്ടായ് ഡീലർ വഴി ഡെലിവറി ഷെഡ്യൂൾ ചെയ്യാനും കഴിയും. വാർത്ത സ്ഥിരീകരിച്ച് ആമസോൺ സി.ഇ.ഒ ആൻഡി ജാസി എക്സിൽ (മുമ്പ് ട്വിറ്റർ) ട്വീറ്റ് ചെയ്തു.
ആമസോണിൽ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയുടെ ഡിജിറ്റൽ ഷോറും വിപുലീകരിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഇരു കമ്പനികളും കരാറിലേർപ്പെട്ടിരുന്നു. ഈ കരാർ അനുസരിച്ച് ഉപയോക്താവിന് വാഹനം തിരഞ്ഞെടുക്കാനും വില വിവരങ്ങളറിയാനും വിൽപ്പന പൂർത്തിയാക്കാൻ ഡീലറെ കണ്ടെത്താനും സാധിക്കും. 2025ൽ പുതിയ ഹ്യുണ്ടായ് കാറുകളിൽ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും ലഭ്യമാകും.