മുന്നിൽ ജിയോ തന്നെ:വൊഡാഫോൺ ഐഡിയയിൽ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക്

0
269

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജിയോയുടെ മുന്നേറ്റം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 32.4 ലക്ഷം പുതിയ വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. ഇതോടെ ജിയോയുടെ മൊത്തം ഉപയോക്താക്കൾ 44.57 കോടിയായി. ജൂലൈയിൽ 39 ലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെലിന് ആകെ 37.64 കോടി വരിക്കാരാണുള്ളത്. ജൂലൈയിൽ പുതുതായി 12.17 ലക്ഷം പുതിയ ഉപയോക്താക്കൾ കമ്പനിയിലേക്ക് എത്തി. അതേസമയം, ജൂലൈയിൽ വൊഡാഫോൺ ഐഡിയ (വി) നേരിട്ടത് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ്. 49,782 പേരെ കമ്പനിക്ക് നഷ്ടമായി. 22.82 കോടിയാണ് വിയുടെ ആകെ ഉപയോക്താക്കൾ.

മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണത്തിലും വർധനവുണ്ടായി. 1.26 കോടിപ്പേരാണ് ഓഗസ്റ്റിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക്(MNP) അപേക്ഷ നൽകിയത്. ഇതോടെ ഇന്ത്യയിലിതുവരെ 87.7 കോടി ഉപയോക്താക്കളാണ് എം.എൻ.പി അപേക്ഷ നല്കിയത്.

ഓഗസ്റ്റിലെ കണക്കുപ്രകാരം ഇന്ത്യയിലാകെ 87.6 കോടി ബ്രോഡ്ബാൻഡ് വരിക്കാരാനുള്ളത്. ഇതിൽ 45.5 കോടിപ്പേർ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഉപയോക്താക്കളാണ്. 25.3 കോടിപ്പേരുമായി എയർടെല്ലാണ് രണ്ടാംസ്ഥാനത്ത്. വൊഡാഫോൺ ഐഡിയയ്ക്ക് 12.5 കോടി വരിക്കാരുണ്ട്. 2.5 കോടിപ്പേരാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനുള്ളത്.