ആമസോണിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഇൻസ്റ്റന്റ് ലോൺ നൽകാൻ കാർഡ് ലെസ് ഇ.എം.ഐ(Cardless EMI) യുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് അവസരം നൽകുന്ന ഡിജിറ്റൽ കാർഡ് സേവനമാണ് കാർഡ് ലെസ് ഇ.എം.ഐ. ആമസോൺ പേയിൽ നടത്തുന്ന ഇടപാടുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.
ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണീച്ചറുകൾ, ബ്യൂട്ടി ഉത്പ്പന്നങ്ങൾ, അപ്പാരൽ തുടങ്ങിയ വിഭാഗങ്ങളിലായി ആമസോണിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഈ സംവിധാനത്തിലൂടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാതെ തന്നെ ഇ.എം.ഐ തവണ വ്യവസ്ഥയിലേക്ക് മാറ്റാൻ കഴിയും.
ആമസോൺ പേയിലൂടെ പേമെന്റ് നടത്താൻ ശ്രമിക്കുമ്പോഴാണ് ഈ ഓപ്ഷൻ കാണാൻ സാധിക്കുക. പേമെന്റിനായി കൊട്ടക് കാർഡ് ലെസ് ഇ.എം.ഐ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലോൺ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് പരമാവധി ക്രെഡിറ്റ് ലിമിറ്റ്.