കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികൾ കുറയുന്നു:മുന്നിൽ ഉത്തർപ്രദേശും ബിഹാറും

0
153

ഗൾഫ് രാജ്യങ്ങളിൽ ജോലി നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ മറികടന്ന് ഉത്തർപ്രദേശും ബിഹാറും. യു.എ.ഇ ആസ്ഥാനമായുള്ള ഹണ്ടർ എന്ന സംഘടനയുടെ പഠനത്തിലാണ് ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റത്തിൽ പ്രകടമായ മാറ്റമുണ്ടായതായി കണ്ടെത്തിയത്.

കഴിഞ്ഞ വർഷം വരെ ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ മുന്നിൽ കേരളമായിരുന്നു. ഇതിൽ കുറവ് വന്നതോടെ പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തി. പിന്നാലെ പശ്ചിമ ബംഗാളും തമിഴ്‌നാടുമുണ്ട്.

പഠനമനുസരിച്ച് നിർമ്മാണം, ഖനനം, അറ്റകുറ്റപ്പണികൾ, വെയർഹൗസിംഗ് തുടങ്ങിയ ബ്ലൂ കോളർ തൊഴിലാളികളുടെ ജി.സി.സി രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ 50 ശതമാനം വർധനയുണ്ടായി. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളാണ് തൊഴിലാളി കുടിയേറ്റത്തിന് മുൻഗണന നൽകുന്നത്. ജി.സി.സി രാജ്യങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിലും വർധനയുണ്ടായി.