ഇന്ത്യയിലേക്ക് പുതിയ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്

0
275

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനായി പുത്തൻ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്. 2,800 കോടി ഡോളർ (ഏകദേശം 2.35 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ ‘ലാൻഡ്ബ്രിജ്’ (Landbridge Project) പദ്ധതി ആണ് തായ്‌ലൻഡ് ആവിഷ്‌കരിക്കുന്നത്. ഇതിനായി ആൻഡമാൻ കടൽഭാഗത്ത് റണോഗിംലും ഗൾഫ് ഓഫ് തായ്‌ലൻഡിൽ ചുംഫോണിലും രണ്ട് ആഴമേറിയ തുറമുഖങ്ങളും നിർമ്മിക്കും. നിലവിൽ തായ്‌ലൻഡിൽ നിന്നും ഏഷ്യ-പസഫിക് മേഖലയിൽ നിന്നും ചരക്കുകപ്പലുകൾ ഇന്ത്യ-ഗൾഫ് മേഖലയിലേക്ക് സഞ്ചരിക്കുന്നത് സിംഗപ്പൂരിനും മലേഷ്യക്കും ഇടയിലുള്ള മലാക്ക കടലിടുക്ക് വഴിയാണ്.


ആഗോള ചരക്കുനീക്കത്തിൻ്റെ നാലിലൊന്നും നടക്കുന്ന മലാക്ക കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം 2030ഓടെ കൂടുതൽ തിരക്കേറിയതാകും. മാത്രമല്ല, ഓരോ വർഷവും ഈ പാതയിൽ 60ലധികം കടൽ അപകടങ്ങളാണ് നടക്കുന്നത്. ഈ വെല്ലുവിളികൾ തരണം ചെയ്ത് ഈ മേഖലയിലെ ചരക്കുനീക്കത്തിൽ നിർണായക ശക്തിയായി മാറുകയുമാണ് തായ്‌ലൻഡിന്റെ ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യ-ഏഷ്യ പസഫിക് ചരക്കുനീക്കത്തിൽ 1,200 കിലോമീറ്ററോളം ലാഭിക്കാം. ചരക്കുനീക്കത്തിനുള്ള സമയം ശരാശരി 4 ദിവസമായി കുറയും. ഷിപ്പിംഗ് നിരക്കിൽ 15 ശതമാനം വരെ കുറവുമുണ്ടാകും.