ഉപഭോക്താക്കൾ എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇൻസ്റ്റഗ്രാം റീലുകളെന്ന് പഠനം

0
243

ആളുകൾ ഏത് സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റഗ്രാം റീലുകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സൗന്ദര്യ വർദ്ധക ഉത്പ്പന്ന ഉപഭോക്താക്കൾ ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടാണ് ഉത്പ്പന്നം വാങ്ങിയതെന്ന് മെറ്റാ ജിഡബ്ല്യുഐ ബ്യൂട്ടി റിപ്പോർട്ട് 2023 വ്യക്തമാക്കി.

കൊവിഡ് കാലത്താണ് കൂടുതൽ ഉപഭോക്താക്കൾ ഓൺലൈനായി ഉത്പ്പന്നങ്ങൾ വാങ്ങാൻ തുടങ്ങിയത്. സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ വാങ്ങുന്നവരിൽ 68% പേർക്കും ഓൺലൈൻ പർച്ചേസിനോടാണ് താൽപര്യം. കോവിഡിന് മുമ്പുള്ളതിനേക്കാൾ 15% വർദ്ധനയാണ് ഓൺലൈൻ ഷോപ്പിംഗിൽ ഉണ്ടായത്. ഈ വിഭാഗത്തിലുള്ള 80% ബ്രാൻഡുകളും ആളുകൾ കണ്ടെത്തുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ഇതിൽ 92% പേരും ആശ്രയിക്കുന്നത് മെറ്റാ പ്ലാറ്റ്‌ഫോമുകളെയാണ്.

ഓൺലൈനായാലും ഓഫ്‌ലൈനായാലും ഒരു ഉത്പ്പന്നം വാങ്ങുന്നതിന് മുമ്പ് തീരുമാനങ്ങൾ എടുക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. ഫാഷൻ ഉത്പ്പന്ന ഉപഭോക്താക്കളിൽ, 76% പേർ സോഷ്യൽ മീഡിയയിലാണ് ഫാഷൻ ബ്രാൻഡുകൾ കണ്ടെത്തുന്നത്. ഇതിൽ 97% പേരും മെറ്റാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അവ കണ്ടെത്തുന്നത്. അതിൽ തന്നെ 52% പേരുടെ തീരുമാനത്തെ സ്വാധീനിച്ചത് ഇൻസ്റ്റഗ്രാം റീലുകളാണ്.