സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു:മുന്നറിയിപ്പുമായി കേരളാ പൊലീസ്

0
180

കേരളത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ വൻ വര്‍ധനയെന്ന് കേരളാ പൊലീസ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്ക് വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് യാതൊരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്.

തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. ഒരു മണിക്കൂറിനകം വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടില്ല. അതിനാൽ അത്തരം കോളുകള്‍ സംശയത്തോടെ കാണണം. അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.