നാടകീയ സംഭവങ്ങൾക്കൊടുവിൽ ഓപ്പൺ എ.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ സി.ഇ.ഒ പദവിയിലേക്ക് തിരിച്ചെത്തി. മുൻ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും ഓപ്പൺ എ.ഐയിലേക്ക് തിരിച്ചെത്തി. ആശയവിനിമയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ് വെള്ളിയാഴ്‌ചയാണ് നിർമിതബുദ്ധി വിപ്ലവത്തിന് തുടക്കംകുറിച്ച സാം ആൾട്ട്മാനെ ഓപ്പൺ എ.ഐ സി.ഇ.ഒ പദവിയിൽനിന്ന് ബോർഡ് അംഗങ്ങൾ പുറത്താക്കിയത്. പിന്നാലെ ആൾട്ട്മാനെ ഓപ്പൺ എ.ഐയിലേക്ക് തിരികെ എത്തിക്കാൻ കമ്പനിയിലെ പ്രധാന ഓഹരി ഉടമയായ മൈക്രോസോഫ്റ്റ് രംഗത്തെത്തിയെങ്കിലും ബോർഡ് വഴങ്ങാൻ തയ്യാറായില്ല.
ഇതോടെ പുറത്താക്കിയ ഡയറക്‌ടർ ബോർഡിനെതിരെ നിക്ഷേപകരും 700ഓളം വരുന്ന ജീവനക്കാരും ഒന്നിച്ച് രംഗത്തെത്തി. ആൾട്ട്മാനെ തിരിച്ചുവിളിക്കുകയും പുറത്താക്കിയ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജിവെക്കുമെന്ന് ഓപ്പൺ എ.ഐ ജീവനക്കാർ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് തിരിച്ചുവിളിക്കൽ. ആൾട്ട്മാനെ പുറത്താക്കിയ ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു. ബ്രെറ്റ് ടെയ്‌ലർ, ലാറി സമ്മേഴ്സ്, ആദം ഡി ആഞ്ചലോ എന്നിവരുൾപ്പെടുന്നതാണ് പുതിയ ബോർഡ്.