ടൈറ്റൻ 3 ലക്ഷം കോടി മൂലധന ക്ലബ്ബിൽ:നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ്

0
550

രാജ്യത്ത് 3 ലക്ഷം കോടി രൂപ വിപണി മൂലധന ക്ലബ്ബിൽ ചേരുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ് കമ്പനിയായി ടൈറ്റൻ. 3,01,847 കോടി രൂപ വിപണി മൂലധനവുമായി ആഭരണ, വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ ബി.എസ്.ഇ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധന റാങ്കിംഗിൽ 16-ാം സ്ഥാനത്തെത്തി. പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സിനെ മറികടന്നാണ് ടൈറ്റൻ ഈ നേട്ടം സ്വന്തമാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി. 12.95 ലക്ഷം കോടി രൂപ മൂലധനവുമായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) രണ്ടാം സ്ഥാനത്ത്.

വിൽപ്പനയിൽ ഒരു ലക്ഷം കോടി രൂപയുടെ കമ്പനി എന്ന ലക്ഷ്യത്തിലെത്താൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി 3,000ൽ അധികം ജീവനക്കാരെ നിയമിക്കും. ഡിജിറ്റൽ, ഇ-കൊമേഴ്‌സ്, സെയിൽസ്, ഡേറ്റ അനലിറ്റിക്സ്, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ളവരെ വിവിധ തസ്‌തികകളിലേക്ക് നിയമിക്കാനാണ് തീരുമാനം. ടൈറ്റന് കീഴിൽ പ്രവർത്തിക്കുന്ന തനിഷ്‌ക്, മിയ, ഫാസ്ട്രാക്ക്, സൊനാറ്റ, ഐപ്ലസ്, തനീറ, സ്‌കിൻ, കാരറ്റ്‌ലെയ്ൻ തുടങ്ങിയ റീട്ടെയിൽ ബ്രാൻഡുകളുടെ ബിസിനസ് വിപുലീകരിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.

ടൈറ്റൻ കമ്പനിയുടെ സംയോജിത വരുമാനത്തിന്റെ 85 ശതമാനവും ആഭരണ വിഭാഗത്തിൽ നിന്നാണ്. നിലവിൽ 750ൽ അധികം ജുവലറി സ്റ്റോറുകളാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്.