വരുമാനം കൂടും:മിനിമം വേതനം വർധിപ്പിക്കാൻ യുകെ

0
152

രാജ്യത്തെ മിനിമം വേതനം വർധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍. യുകെയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടിയേറാൻ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമേകുന്നതാണ് തീരുമാനം. അടുത്ത വർഷം ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിൽ ഒരു പൗണ്ട് വർധിപ്പിച്ച് 11.44 പൗണ്ടായി (1193.41 രൂപ) ഉയർത്തും. നിലവിൽ 23 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മണിക്കൂറിന് 10.42 പൗണ്ട് (1087.01രൂപ) ആണ് മിനിമം വേതനം. ഈ നിരക്ക് ആദ്യമായി 21, 22 വയസ്സുള്ളവർക്കും കൂടി ബാധകമാക്കാനും തീരുമാനമായി.

ഉയർന്ന ജീവിതച്ചെലവ് മൂലം ഗാർഹിക ബജറ്റുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തീരുമാനം. കുടിയേറി പാർക്കുന്ന കുറഞ്ഞ വരുമാനമുള്ള ആളുകൾ ഉയർന്ന ഊർജ്ജ, ഭക്ഷണ ബില്ലുകൾ കാരണം വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് വേതന വർധന.

ഇതോടെ 23 വയസ്സുള്ള മുഴുവൻ സമയ തൊഴിലാളിക്ക് പ്രതിവർഷം 1,800 പൗണ്ടിന്റെയും (187774.84 രൂപ), 21 വയസ്സുള്ള ഒരാൾക്ക് 2,300 പൗണ്ടിന്റെയും (239934.51 രൂപ) വാർഷിക വർധനവ് ഉണ്ടാകും. 21-22 വയസ് പ്രായമുള്ളവരുടെ നിലവിലെ കുറഞ്ഞ വേതനം മണിക്കൂറിന് 10.18 പൗണ്ടാണ് (1061.97രൂപ). 18-20 വയസ് പ്രായമുള്ളവർക്കുള്ള പ്രത്യേക ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽ നിന്ന് മണിക്കൂറിന് 8.60 (897രൂപ) പൗണ്ടായി വർധിക്കും. കുറഞ്ഞ വേതനമുള്ള 2.7 ദശലക്ഷം തൊഴിലാളികൾക്ക് കൂലി വർധന പ്രയോജനം ചെയ്യും. അപ്രന്റീസുകാർക്കും വർധന ലഭിക്കും. മണിക്കൂറിൽ 20% ശമ്പള വർധനവ് ആണ് ഇവർക്ക് ലഭിക്കുക.