രാജ്യത്ത് ചികിത്സാ ചെലവ് കൂടുന്നു:ഏഷ്യയിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം ഇന്ത്യയിൽ

0
556

ആരോഗ്യമേഖലയിൽ ഏഷ്യയിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം ഇന്ത്യയിൽ. ഇൻഷുർടെക് കമ്പനിയായ പ്ലം പുറത്തുവിട്ട പഠന റിപ്പോർട്ട് അനുസരിച്ച് വിലക്കയറ്റത്തോത് 14 ശതമാനമായി ഉയർന്നു. ആരോഗ്യസംരക്ഷണച്ചെലവുകളിലെ ഈ വർധന ആളുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ 71 ശതമാനം പേരും ആരോഗ്യ സംരക്ഷണ ചെലവുകൾ സ്വയം വഹിക്കുന്നവരാണ്. ഇന്ത്യയിലെ തൊഴിലാളികളിൽ 15 ശതമാനം പേർക്ക് മാത്രമാണ് തൊഴിലുടമകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നത്.

ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുള്ളവർക്ക് ചികിത്സക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നത് ചികിത്സാ ചെലവുകൾ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കാൻസർ, അവയവ മാറ്റം എന്നിവയ്ക്കുള്ള ആധുനിക വൈദ്യചികിത്സകൾ ചെലവേറിയതാണ്. ഇതിനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നതും ചികിത്സാ ചെലവ് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ചികിത്സാ ചിലവ് കൂടുതലായതിനാൽ ഏകദേശം 59 ശതമാനം വ്യക്തികളാണ് അവരുടെ വാർഷിക ചെക്കപ്പുകൾ ഒഴിവാക്കുന്നത്. 90 ശതമാനം പേർ തുടർ പരിശോധനകൾ അവഗണിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.