അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡി സ്പേസിൽ ജോലി ഉറപ്പ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഡിസ്പേസുമായി ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്സിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ അസാപ് കേരള ചെയർപേഴ്സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡി സ്പേസ് എം.ഡി ഫ്രാൻക്ലിൻ ജോർജുമാണ് കരാറിൽ ഒപ്പുവെച്ചത്.
കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മെക്കട്രോണിക്സ്സ് രംഗത്തെ ലോക പ്രശസ്തരായ ഡി സ്പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവർത്തന കേന്ദ്രമാണ് കേരളത്തിലേത്.
ഡി സ്പേസിന് ആവശ്യമായ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികളെ അസാപ് കേരള നൽകും. ഇവർക്ക് പ്രത്യേക നൈപുണ്യ പരിശീലനവും നൽകും. അസാപിന്റെ നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടും. വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്സുകൾ വികസിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും അസാപ് കേരളയുമായി ഡി സ്പേസ് ധാരണയിലെത്തിയിട്ടുണ്ട്.