മാംസത്തിന്റെയും, പാലിന്റെയും ഉത്പാദനത്തിൽ രാജ്യത്ത് മുന്നിൽ ഉത്തർപ്രദേശ്. ഇന്ത്യയിലെ മൊത്തം മാംസ ഉത്പാദനത്തിലെ 12.20% വിഹിതവും യുപിയുടേതാണ്. രാജ്യത്തെ ആകെ പാൽ ഉത്പ്പാദനത്തിൽ 15.72 ശതമാനം സംഭാവന ചെയ്യുന്നതും ഉത്തർപ്രദേശ് ആണ്. കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 230.58 ദശലക്ഷം ടണ്ണാണ് 2022-23 കാലയളവിലെ രാജ്യത്തെ മൊത്തം പാൽ ഉത്പ്പാദനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പാൽ ഉത്പ്പാദനം 22.81% വർധിച്ചു. രാജസ്ഥാൻ (14.44 %), മധ്യപ്രദേശ് (8.73 %), ഗുജറാത്ത് (7.49 %), ആന്ധ്രാപ്രദേശ് (6.70 %) എന്നിവയാണ് രാജ്യത്തെ മുൻനിര പാലുത്പ്പാദന സംസ്ഥാനങ്ങൾ.
2022-23ൽ രാജ്യത്തെ മൊത്തം മാംസ ഉത്പ്പാദനം 9.77 ദശലക്ഷം ടണ്ണാണ്. 2018-19 കാലയളവിലെ 8.11 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് കഴിഞ്ഞ 5 വർഷത്തിനിടയിൽ 20.39% വളർച്ചയാണ് ഉണ്ടായത്. ഉത്തർ പ്രദേശിന് പിന്നാലെ പശ്ചിമ ബംഗാൾ (11.93 %), മഹാരാഷ്ട്ര (11.50 %), ആന്ധ്രാപ്രദേശ് (11.20%), തെലങ്കാന (11.06 %) എന്നിവയാണ് രാജ്യത്തെ മറ്റ് മുൻനിര മാംസ ഉത്പാദക സംസ്ഥാനങ്ങൾ.
138.38 ബില്യൺ മുട്ടയാണ് 2022-23 കാലയളവിൽ രാജ്യത്ത് ഉത്പ്പാദിപ്പിച്ചത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 33.31% വളർച്ചയാണ് മുട്ട ഉത്പ്പാദനത്തിലുണ്ടായത്. ആന്ധ്രാപ്രദേശാണ് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്നത്. ആകെ ഉത്പാദനത്തിന്റെ 20.13% വിഹിതവും ആന്ധ്രയിൽ നിന്നാണ്. തമിഴ്നാട് (15.58 %), തെലങ്കാന (12.77 %), പശ്ചിമ ബംഗാൾ (9.94%), കർണാടക (6.51 %) എന്നിവയാണ് ആന്ധ്രയുടെ പിന്നിലുള്ളത്.