വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സബ്‌സിഡിയോടെ ഡ്രോൺ വാങ്ങാൻ അവസരം. 1,261 കോടി രൂപയുടെ പദ്ധിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. തിരഞ്ഞെടുക്കുന്ന 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്കാണ് ഡ്രോൺ നൽകുക. 500 ഡ്രോണുകൾ വളം കമ്പനികൾ നൽകും. ബാക്കി 14,500 ഡ്രോണുകൾ അടുത്ത രണ്ടു വർഷത്തിൽ കേന്ദ്ര സഹായത്തോടെ ലഭ്യമാക്കും. 2024-25 – 2025-26 കാലയളവിൽ കീടനാശിനി പ്രയോഗം ഉൾപ്പെടെയുള്ള കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് ഡ്രോൺ വാടകയ്ക്ക് നൽകി വരുമാനം നേടാൻ സഹായിക്കുന്നതാണ് പദ്ധതി.
10 ലക്ഷം രൂപയാണ് ഡ്രോണും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ചെലവാകുക. ഡ്രോണുകളുടെ വിലയുടെ 80 ശതമാനം കേന്ദ്ര ധനസഹായമായി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും. ബാക്കി തുക സ്വയം സഹായ സംഘങ്ങൾ ക്ലസ്റ്റർ ലെവൽ ഫെഡറേഷനിൽ നിന്ന് നാഷണൽ അഗ്രികൾച്ചർ ഇൻഫ്ര ഫിനാൻസിംഗ് ഫെസിലിറ്റി (AIF) പ്രകാരം വായ്‌പയായി നേടണം. ഈ വായ്‌പയ്ക്ക് 3% പലിശയിളവ് ലഭിക്കും.
ഡ്രോൺ പൈലറ്റിന് 15,000 രൂപയും കോ-പൈലറ്റിന് 10,000 രൂപയുമാണ് ഓണറേറിയം. എസ്.എച്ച്.ജികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 15 ദിവസത്തെ പരിശീലനത്തിന് അയക്കും. ഇതിൽ 5 ദിവസം ഡ്രോൺ പറത്തുന്നതിനുള്ള പരിശീലനവും പത്ത് ദിവസം കീടനാശിനി പ്രയോഗം പോലുള്ള കാര്യങ്ങളിലുളള പരിശീലനവും നൽകും.