ബൈജൂസിന് തിരിച്ചടി:വിപണി മൂല്യം വീണ്ടും വെട്ടിക്കുറച്ച് നിക്ഷേപകർ

0
238

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ച് ആഗോള ടെക് നിക്ഷേപകരായ പ്രോസസ്. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. ഇതിൽ നിന്ന് 86% കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം, പ്രോസസും ബ്ലാക്ക്‌റോക്കും ഉൾപ്പെടെയുള്ള ഓഹരി ഉടമകൾ ബൈജുസിന്റെ മൂല്യം മാർച്ചിൽ 11 ബില്യൺ ഡോളറായും മെയ്യിൽ 8 ബില്യൺ ഡോളറായും ജൂണിൽ 5 ബില്യൺ ഡോളറായും വെട്ടിച്ചുരുക്കിയിരുന്നു.

മൂല്യം വെട്ടിക്കുറച്ചതിന് പിന്നിലെ കാരണം പ്രോസസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ബൈജൂസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ഉപദേശം കമ്പനിയുടെ മാനേജ്മെന്റ് പതിവായി അവഗണിക്കുന്നതാണ് മൂല്യം വെട്ടിക്കുറയ്ക്കാനുള്ള കാരണമെന്നാണ് സൂചന. അതേസമയം ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് 2020-21 സാമ്പത്തിക വർഷം മുതൽ കണക്കുകൾ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ഒരു കാലത്ത് രാജ്യത്തെ സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചിഹ്നമായിരുന്ന ബൈജൂസിന് തിരിച്ചടിയായത്.