2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാന സർക്കാർ. ഇതാദ്യമായാണ് മുൻകൂറായി കേരളം വായ്‌പ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുമാണ് വായ്പ. 1,500 കോടി രൂപ വായ്‌പയെടുക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് 500 കോടി രൂപ കൂടി അധികമായി എടുക്കുകയായിരുന്നുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
7.70 ശതമാനം പലിശനിരക്കിൽ 20 വർഷ കാലാവധിയിലാണ് 2,000 കോടി രൂപ ഇപ്പോൾ വായ്‌പയെടുത്തിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിലേക്ക് 5,131 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടായിരുന്നു. ഇതിൽ നിന്നാണ് നിലവിലെ ചെലവുകൾക്കായി 2,000 കോടി രൂപ എടുത്തത്.
ആകെ 15,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ ശരാശരി ചെലവ്. 12,000 കോടി രൂപയാണ് വരുമാനം. ബാക്കി കടമെടുത്താണ് ചെലവുകൾ നികത്തുന്നത്. വായ്‌പ മുൻകൂറായി എടുത്തതിനാൽ ജനുവരി-മാർച്ച് കാലയളവിലേക്ക് വായ്‌പാ ഇതര മാർഗങ്ങളിലൂടെ പണം കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.