നിക്ഷേപം നടത്താൻ ഫിൻ ജി.പി.റ്റി സഹായിക്കും:ഓഹരി നിക്ഷേപം ലളിതമാക്കാൻ മലയാളി സ്റ്റാർട്ടപ്പ്

0
261

ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് ഏറ്റവും മികച്ച നേട്ടം നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ ഇതിനൊരു പരിഹാരമാവുമായി എത്തിയിരിക്കുകയാണ് രണ്ട് യുവ മലയാളി സംരംഭകർ. വിപണിയെ കുറിച്ച് ഗവേഷണം നടത്താനും കമ്പനികളുടെ റിപ്പോർട്ടുകളും മറ്റും വിലയിരുത്തി മികച്ച ഓഹരികൾ കണ്ടെത്താനുമൊക്കെ വളരെ എളുപ്പത്തിൽ സാധിക്കുന്ന ഫിൻ ജി.പി.റ്റി (Fin-Gpt.ai) എന്ന നിർമിതബുദ്ധി അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് അല്‍ഗോരിത്മ ഡിജിടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ (Algorithma Digitech Pvt Ltd.) സാരഥികളായ നിഖിൽ ധർമനും ടി.ആർ. ഷംസുദ്ദീനും വികസിപ്പിച്ചിരിക്കുന്നത്.

ബ്ലൂംബർഗ് ടെർമിനലിന് സമാനമായി നിക്ഷേപകർക്ക് റിയൽ ടൈം ഡേറ്റയും വാർത്തകളും അനാലിസിസുമൊക്കെ ലഭ്യമാക്കാവുന്ന വിധത്തിൽ ജെൻ എ.ഐ ടെക്നോളജി ഉപയോഗിച്ചാണ് ഫിൻ ജി.പി.റ്റിയുടെ പ്രവർത്തനം. ബ്ലൂംബെർഗ് ടെർമനൽ ഉപയോഗിക്കുന്നതിന് ലക്ഷങ്ങൾ ചെലവാകുമെന്നിരിക്കെ താരതമ്യേന ചെലവുകുറവും എളുപ്പവുമുളള മാർഗമാണ് ഫിൻ ജി.പി.റ്റി. റീറ്റെയ്ൽ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഇത് ഒരുപോലെ പ്രയോജനപ്പെടുത്താം.

എൻ.എസ്.ഇ, ബി.എസ്.ഇ, ആർ.ബി.ഐ, എം.സി.എ, ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ച് റിപ്പോർട്ട്സ് എന്നിങ്ങനെ 20,000ത്തിലധികം ഡാറ്റ പ്രൊവൈഡേഴ്‌സിൽ നിന്നുളള വിവരങ്ങൾ ഫിൻ ജി.പി.റ്റി ശേഖരിക്കുന്നുണ്ട്. ഈ ഡേറ്റകൾ എളുപ്പത്തിൽ നിക്ഷേപകർക്ക് ആവശ്യമുള്ള രീതിയിൽ ക്രോഡീകരിച്ചു നൽകാൻ ഫിൻ ജി.പി.റ്റിക്ക് സാധിക്കും.
ഇത്തരത്തിൽ കണ്ടെത്തുന്ന ഓഹരികളെ കുറിച്ചുള്ള വിദഗ്‌ധരുടെ അഭിപ്രായങ്ങൾ അറിയാനും അവ കാർട്ടിൽ ആഡ് ചെയ്യാനും വാങ്ങാനുമൊക്കെ ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. ഇതിനായി ഗ്രോ, സീറോദ, അപ്സ്റ്റോക്ക് തുടങ്ങി 30 ഓളം പ്രമുഖ ഓൺലൈൻ ബ്രോക്കിംഗ് കമ്പനികളുമായും പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ കമ്പനികളുടെ പ്രവർത്തനഫല റിപ്പോർട്ടുകളുടെയും മറ്റും പി.ഡി.എഫ് ഫയൽ അപ്‌പ്ലോഡ്‌ ചെയ്‌ത്‌ വിശകലനം ചെയ്യാനും ഫിൻ ജി.പി.റ്റിക്ക് സാധിക്കും. അതേസമയം ഫിൻ ജി.പി.റ്റി നിക്ഷേപ ഉപദേശങ്ങൾ നൽകില്ല. നിക്ഷേപകർക്ക് വിവരങ്ങൾ ലഭ്യമാക്കുക മാത്രമാണ് ലക്ഷ്യം. കൂടാതെ ഇൻട്രാ ഡേ ട്രേഡിംഗും പ്രോത്‌സാഹിപ്പിക്കുന്നില്ല. ദീർഘകാല നിക്ഷേപത്തിനാണ് ഫിൻ ജി.പി.റ്റി പ്രാധാന്യം നൽകുന്നത്.