ഫ്രീ വൈഫൈയിൽ ജാഗ്രത വേണം:പൊലീസിന്റെ മുന്നറിയിപ്പ്

0
232

പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സുരക്ഷിതമല്ലെന്നതാണ് കാരണം. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്. പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു.

പാസ്‌വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈഫൈ വഴി ചോരാന്‍ സാധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

ഇത്തരത്തില്‍ ഓൺലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം. ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.