126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. ഡിസംബർ ഒന്നിനാണ് കേരള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പ്രതാപനെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്.
കാസർഗോഡ് ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ കമ്പനി 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഡയറക്ടർമാർക്ക് സമൻസ് നൽകിയിരുന്നു.
മൾട്ടി ലെവൽ മാർക്കറ്റിങ് മോഡലിലുള്ള ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ ഇടപാടുകൾ. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെയും പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും ജി.എസ്.ടി വിഭാഗം ആരംഭിച്ചു.