ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോളാർ വൈദ്യുത ഉത്പാദകരായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. ശുദ്ധ ഊർജവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനമായ മെർകോം ക്യാപിറ്റൽ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. പുനരുപയോഗ ഊർജ മേഖലയിലെ സംഭാവനകളും മികച്ച പ്രകടനവും പരിഗണിച്ചാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് രണ്ടാം റാങ്ക് ലഭിച്ചത്. ഫ്രാൻസ് ആസ്ഥാനമായുള്ള ടോട്ടൽ എനർജീസ് ആണ് ഒന്നാം സ്ഥാനത്ത്. മൊത്തം 41.3 GW ശേഷിയാണ് ടോട്ടൽ എനർജീസിനുള്ളത്. അദാനി ഗ്രീൻ എനർജിയുടെ മൊത്തം സൗരോർജ്ജ ശേഷി 18.1 GW ആണ്. 18 ജിഗാവാട്ടുമായി കാനഡ ആസ്ഥാനമായ ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾ പാർട്ണേഴ്‌സാണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും മികച്ച 10 സോളാർ വൈദ്യുത ഉത്പാദകരിൽ ആറ് പേർ യൂറോപ്പിലും മൂന്ന് പേർ വടക്കേ അമേരിക്കയിലുമാണ്. ആഗോള പട്ടികയിൽ ഇടം നേടിയ ഏക ദക്ഷിണേഷ്യൻ കമ്പനിയാണ് അദാനി ഗ്രീൻ എനർജി. നിലവിൽ 12 സംസ്ഥാനങ്ങളിലായി 8.4 GW ന്റെ ഊർജ്ജ പദ്ധതികളാണ് അദാനി ഗ്രീൻ എനർജിക്കുളളത്. 2030-ഓടെ ഊർജ്ജ സംരംഭങ്ങളിൽ അദാനി ഗ്രൂപ്പ് മൊത്തം 75 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ഇതിലൂടെ 45 GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാൻ സാധിക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി പറഞ്ഞു.