റെക്കോർഡ് ഉയർച്ചയ്ക്ക് പിന്നാലെ കനത്ത ഇടിവ് നേരിട്ട് സ്വർണവില. ഈ മാസം നാലിന് ചരിത്രത്തിലാദ്യമായി പവൻ വില 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു. 5,885 രൂപയായിരുന്നു അന്ന് ഗ്രാം വില. ഇന്ന് പവന് 45,720 രൂപയാണ് വില. ഗ്രാമിന് 5,715 രൂപ. കഴിഞ്ഞ 5 ദിവസത്തിനിടെ 1,360 രൂപയാണ് പവന് ഇടിഞ്ഞത്. ഗ്രാമിന് 170 രൂപയും താഴ്ന്നു. ഇന്ന് മാത്രം ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ താഴ്ന്ന് 4,730 രൂപയിലാണ് വ്യാപാരം.
സ്വർണാഭരണത്തിന് അതിന്റെ അടിസ്ഥാനവില കൂടാതെ പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി., എച്ച്.യു.ഐ.ഡി (ഹോൾമാർക്ക്) ഫീസ് (45 രൂപയും 18 ശതമാനം ജി.എസ്.ടിയും) എന്നിവയും നൽകേണ്ടതുണ്ട്. ഇതുപ്രകാരം, പവന് 47,080 രൂപയായിരുന്നപ്പോൾ ഉപയോക്താവ് നൽകേണ്ടിയിരുന്ന വില ഏറ്റവും കുറഞ്ഞത് 51,000 രൂപയായിരുന്നു. ഇപ്പോൾ വില 45,720 രൂപയിലേക്ക് താഴ്‌ന്നതോടെ ആകെ നൽകേണ്ട വില 48,500- 49,000 രൂപയാണ്. 2,000 രൂപയോളമാണ് കുറവ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് രണ്ട് രൂപ താഴ്ന്ന് 78 രൂപയായി.