ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായത്തിൽ വൻ ഇടിവ്. 2023ൽ ധനസഹായം 72% ഇടിഞ്ഞ് 700 കോടി ഡോളറായി. ഇതോടെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ആഗോളതലത്തിൽ 4-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 5-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻ വർഷം ഇത് 2500 കോടി ഡോളറായിരുന്നു. 2016ലെ മൂന്നാം പാദത്തിലെ മോശം പ്രകടനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിക്ഷേപമാണ് ഇതെന്നാണ് റിപ്പോർട്ട്. 2023ൽ നിരവധി സ്റ്റാർട്ടപ്പുകളാണ് അടച്ചുപൂട്ടിയത്.
പ്രാരംഭഘട്ട ഫണ്ടിംഗും സീഡ്-സ്റ്റേജ് ഫണ്ടിംഗും യഥാക്രമം 70 ശതമാനം, 60 ശതമാനം ഇടിവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ടെക് മേഖലയിൽ 2023ൽ ഇതുവരെ 10 കോടി ഡോളർ മൂല്യമുള്ള 17 ഫണ്ടിംഗ് റൗണ്ടുകൾ മാത്രമാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 55 ആയിരുന്നു. 69 ശതമാനം ഇടിവാണ് ഇതിൽ രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ സ്റ്റാർട്ടപ്പുകളിൽ നിന്ന് 18 ഐ.പി.ഒകളാണ് നടന്നത്. മുൻ വർഷം ഇത് 19 ആയിരുന്നു.
100 കോടി ഡോളറിലധികം മൂല്യത്തോടെ ഫിൻടെക് സ്ഥാപനമായ ഇൻക്രെഡും ഹൈപ്പർ ലോക്കൽ ഡെലിവറി സർവീസ് സെപ്റ്റോയും മാത്രമാണ് 2023ൽ ഇതുവരെ സൃഷ്ടിക്കപ്പെട്ട രണ്ട് യൂണികോണുകൾ. 2022ൽ സൃഷ്ടിക്കപ്പെട്ടത് 23 യൂണികോണുകളായിരുന്നു.