കുറഞ്ഞ ചെലവിൽ എ.സി ലോ ഫ്ളോർ എന്ന ആശയത്തിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി ജനത ബസ് വിജയം. നിലവിൽ മൂന്ന് ബസുകളാണ് ജനത സർവീസായി പ്രവർത്തിക്കുന്നത്. കൊല്ലത്തു നിന്ന് സർവീസ് നടത്തുന്ന രണ്ട് ബസുകളും കൊട്ടാരക്കരയിൽ നിന്ന് ആരംഭിക്കുന്ന ഒരു ബസും. സെപ്റ്റംബർ 18ന് പ്രവർത്തനമാരംഭിച്ച ഈ സ്പെഷ്യൽ സർവീസിൽ ഇതിനകം 12,000ത്തോളം യാത്രക്കാരാണ് സഞ്ചരിച്ചത്. ആദ്യം ഓരോ സർവീസ് വീതമാണ് ആരംഭിച്ചതെങ്കിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൊല്ലത്തു നിന്ന് രണ്ട് സർവീസ് തുടങ്ങുകയായിരുന്നു.
കൊല്ലം-തിരുവനന്തപുരം റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെയും ജോലിക്കാരെയും ലക്ഷ്യമിട്ടാണ് പഴയ ജനറം ബസ് പരിഷ്കരിച്ച് കെ.എസ്.ആർ.ടി.സി ജനത ബസ് ആക്കിയത്. നിലവിൽ ജനതയിൽ യാത്ര ചെയ്യുന്നവരിൽ മുക്കാൽ ഭാഗവും തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്. കൂടുതൽ ജനത സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.
4,41,723 രൂപയാണ് ഒക്റ്റോബറിൽ ജനത സർവീസ് കളക്ഷൻ നേടിയത്. നവംബറിൽ 5,71,619 രൂപയും ഈ മാസം ഇതിനകം 5 ലക്ഷം രൂപയും കളക്ഷൻ നേടിയതായി കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു. ഫിലിം ഫെസ്റ്റിവൽ (ഐ.എഫ്.എഫ്.കെ) ആരംഭിച്ചതോടെയാണ് വരുമാനം കുത്തനെ ഉയർന്നത്.