ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയാൽ ഇനി പിടി വീഴും. അമിത ഫീസ് വാങ്ങുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ പിരിച്ചുവിടുമെന്നും അവരെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബയോമെട്രിക്, തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ള വിശദാംശങ്ങളുടെ അപ്ഡേറ്റ് ഉൾപ്പെടെയുള്ള ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാർ ഓപ്പറേറ്റർമാരോടും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചു.
നിർദ്ദേശങ്ങൾക്ക് വിപരീതമായി സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയാൽ, യു.ഐ.ഡി.എ.ഐയിൽ ഇ-മെയിൽ വഴിയോ ടോൾ ഫ്രീ നമ്പറായ 1947ലേക്ക് വിളിച്ചോ പരാതി നൽകാം. ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയ പരിധി 2024 മാര്‍ച്ച് 14 വരെ നീട്ടിയിരുന്നു. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി.