കിഫ്ബി, കെഎസ്എസ്പിഎൽ എന്നിവ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ നടപടി മരവിപ്പിച്ച് കേന്ദ്രം. 3140 കോടി രൂപയായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം പകരുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇതോടെ ഇത്രയും തുക കൂടി മാർച്ചിന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാൻ സാധിക്കും. 2000 കോടി രൂപ അടിയന്തരമായി കടം എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ഈ തുക കൊണ്ട് ക്രിസ്മസിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തേക്കും. ബോണ്ട് വിൽപ്പനയിലൂടെ വിപണിയിൽ നിന്ന് പണം കണ്ടെത്താനാണ് പദ്ധതി.